ആരാണ് സോഫിയ ഖുറേഷി

ആരാണ് സോഫിയ ഖുറേഷി?.

ഇന്ത്യൻ സേനയുടെ സിന്ദൂർ ഓപ്പറേഷന്റെ വിശദമായ വിവരം മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് പങ്ക് വെച്ചത് കേണൽ സോഫിയ ഖുറേഷിയാണ്. ഒമ്പത് ഇടങ്ങളിൽ നടത്തിയ സൈനിക നീക്കത്തിന്റെ വിശദ വിവരങ്ങൾ വീഡിയോ ഡിസ്പ്ളേയിലൂടെ അവർ പങ്ക് വെക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഗൂഗിൾ നോക്കാൻ പ്രേരിപ്പിച്ചത്.
ഒരു അന്താരാഷ്‌ട്ര സൈനിക അഭ്യാസ ക്യാമ്പിൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിത ഓഫീസർ എന്നാണ് ഗൂഗിൾ നൽകുന്ന വിവരം. ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ഗുജറാത്ത് കാരിയായ ഇന്ത്യൻ സേനയിലെ കേണൽ. 2016 ൽ പൂനയിൽ വെച്ച് നടന്ന 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ സൈനിക ക്യാമ്പിൽ നാല്പത് അംഗ ഇന്ത്യൻ സേനാവിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു. 17 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് കമാണ്ടർമാരിലെ ഏക വനിത.


യു എൻ സമാധാന സേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിശീലകരിൽ ഒരാൾ കൂടിയാണ് സോഫിയ. 24 വർഷമായി സൈനിക സേവനം തുടരുന്ന സോഫിയ 2006 ൽ കോംഗോയിലെ ഇന്ത്യൻ മിഷന്റെ ഭാഗമായിരുന്നു. ഒരു സൈനിക കുടുംബമാണ് സോഫിയയുടേത്, മേജർ താജുദ്ധീൻ ഖുറേഷിയാണ് ഭർത്താവ്.

ഒരു രാഷ്ട്രമെന്ന നിലക്ക് പഹൽഗാം ഭീകരതെക്കെതിരെയുള്ള ഒരു തിരിച്ചടി നമുക്ക് അനിവാര്യമായിരുന്നു. ആ തിരിച്ചടിയാണ് ഇന്ന് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാന് മനസ്സിലാകുന്ന ഭാഷയും അത് മാത്രമാണ്. ഭീകരവാദത്തെ പിന്തുണക്കാതിരിക്കുകയും അത് കയറ്റുമതി ചെയ്യാതിരിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുന്ന പക്ഷം അതിന് സൈനികമായി തിരിച്ചടികളുണ്ടാകും എന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യയിലെ മനുഷ്യരുടെ സമാധാന ജീവിതത്തിന് വേണ്ടിയുള്ള അനിവാര്യമായ ആ സന്ദേശം കൃത്യമായി എത്തിക്കുന്ന ദൗത്യമാണ് നമ്മുടെ സൈന്യം ഇന്ന് നിർവഹിച്ചത്.

ഒരു യുദ്ധമായി ഇത് കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കാതിരിക്കട്ടെ എന്നാണ് ആഗ്രഹം. യുദ്ധമെന്നത് ഏത് ഭാഗത്തായാലും നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കുന്ന ഒന്നാണ്.
പഹൽഗാമിൽ തങ്ങളുടെ കൺമുന്നിൽ വെച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർ വെടിയേറ്റ് വീഴുന്നത് കണ്ട ഹിമാൻഷി നർവാളിനേയും ആരതിയേയും പോലുള്ള വനിതകൾക്ക് ആശ്വാസവും ആത്മവിശ്വസവും പകരുന്നുണ്ടായിരിക്കും വനിതകളായ സോഫിയ ഖുറേഷിയും വിംഗ് കമാണ്ടർ വ്യോമിക സിങ്ങും നടത്തിയ ഇന്നത്തെ ആർമി ബ്രീഫിംഗ്.
ബഷീർ വള്ളിക്കുന്ന്